അബുദാബി: 6 നിയമലംഘനങ്ങളിൽപ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുമായി യുഎഇ. ഇത്തരക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നത് ഒരു വർഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്‌തെന്ന് തെളിയുക, ധാർമികതയ്ക്കു നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയിൽ നിന്ന് അകാരണമായി വിട്ടുനിൽക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടർച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ടവരുടെ വർക്ക് പെർമിറ്റിനാണ് ഒരു വർഷം വരെ കാത്തിരിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിൽ ബന്ധം പുനഃസ്ഥാപിക്കാൻ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക തുടങ്ങിയ സന്ദർഭങ്ങളിൽ ഒരു വർഷം തികയുംമുൻപുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാമെന്നും ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. വീട്ടുജോലിക്കാരന് പൂർണ ശമ്പളത്തോടെ വർഷത്തിൽ 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. സേവന കാലയളവ് ഒരു വർഷത്തിൽ താഴെയും 6 മാസത്തിൽ കൂടുതലുമാണെങ്കിൽ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
വാർഷിക അവധി എപ്പോഴാണ് എടുക്കേണ്ടതെന്നും ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്നും നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തുടർച്ചയായി 8 മണിക്കൂർ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന് 12 മണിക്കൂറിൽ കുറയാത്ത ദൈനംദിന വിശ്രമത്തിന് അർഹതയുണ്ട്.