കരിപ്പൂർ: എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട വിമാനത്തിനാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഭീഷണി സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസ് ആണ് അറസ്റ്റിലായത്. എയർപോർട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി ഒമ്പതരക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
ഇജാസിന്റെ പേരിലുള്ള ഇമെയിൽ അക്കൗണ്ടിൽനിന്നായിരുന്നു ഭീഷണി. സന്ദേശം ലഭിച്ച ഉടൻ സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ പരിശോധന നടത്തി യാത്രക്കാരനായ മുഹമ്മദ് ഇജാസിനെ തടഞ്ഞുവച്ചു. പരിശോധന നടത്തി ഭീഷണിയില്ലെന്ന് ഉറപ്പാക്കിയ ശേഷം, അർധരാത്രി 12നാണു വിമാനം പുറപ്പെട്ടത്.