ദുബായിൽ 2024 നവംബർ 24 മുതൽ ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പിജെഎസ്‌സി ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന ഈ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും.
ബിസിനസ് ബേ ക്രോസിംഗ് ഗേറ്റ് വരുന്നതോടെ അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെയും, അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെയും ഗതാഗതകുരുക്ക് കുറയുമെന്നാണ് വിലയിരുത്തുന്നത്.
അൽ സഫ സൗത്ത് ഗേറ്റ് വരുന്നതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള ട്രാഫിക് വോളിയത്തിൽ 15 ശതമാനം കുറവ് വരുമെന്നും, ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിനും മെയ്ഡാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്താനാകുമെന്നും, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കും അൽ അസയേൽ സ്ട്രീറ്റിലേക്കും ട്രാഫിക് പുനർവിതരണം ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു.