ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും വിദഗ്ധർ വ്യക്തമാക്കി.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ആന്തരിക പ്രദേശങ്ങളിൽ ഈർപ്പം 90 ശതമാനവും പർവതങ്ങളിൽ 15 ശതമാനവും വരെ ഉയരും. അബുദാബിയിൽ താപനില 22 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ദുബായിൽ 23 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.
നവംബർ 24 ന് പുലർച്ചെ 2 മുതൽ രാവിലെ 9 വരെ സജീവമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഇതിന്റെ ഭാഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും അറേബ്യൻ ഗൾഫിൽ 6 അടി ഉയരത്തിൽ തിരമാല ഉയരാനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.