ദുബായ്: മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയമങ്ങൾ പുറത്തിറക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധുവിനോ അധികാരമുള്ള വ്യക്തിയ്‌ക്കോ മാത്രമേ ആവശ്യമായ രേഖകൾ ഹാജരാക്കാനും പേപ്പറുകളിൽ ഒപ്പുവെയ്ക്കാനും കഴിയൂവെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നത്.
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യമാണ് എന്നതാണ് മറ്റൊരു പ്രധാന നിയമം. ചില സംഭവങ്ങളുടെ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.
മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജന്റുമാർ കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന നിരവധി കേസുകൾ കോൺസുലേറ്റിൽ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നടപടി. കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്നഏജന്റുമാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഇവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.