മുംബൈ : ഇന്ത്യൻ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ (90) ഇന്നലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അന്തരിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദാദറിൽ പൊതുദർശനം നടക്കും. ചലച്ചിത്രരംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം മുംബൈയിലെ ശിവജി പാർക്കിലെ വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ഈ മാസം 14 നാണ് ബെനഗൽ 90 ാം പിറന്നാൾ ആഘോഷിച്ചത്. ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.
2015 ൽ ഏഷ്യാവിഷൻ ലെജൻഡറി ഡയറക്ടർ എന്ന പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
പത്മശ്രീ (1976), പത്മഭൂഷൺ (1991) ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ൽ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗൽ.