ഭാവഗായകൻ പി ജയചന്ദ്രന് കേരളം ഇന്ന് വിട ചൊല്ലും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോകും. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുപോകും
ഇന്നലെ തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ നടന്ന പൊതുദർശനത്തിൽ നടൻ മമ്മൂട്ടി, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പെരുവനം കുട്ടൻ മാരാർ, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, പ്രിയനന്ദനൻ, ജയരാജ്, സിബി മലയിൽ, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് പ്രിയ ഗായകന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.