അബുദാബി: അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച് പ്രവർത്തിച്ച കഫിറ്റീരിയ അടച്ചുപൂട്ടി. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ സ്‌ട്രോംഗ് ടീ കഫിറ്റീരിയയാണ് അധികൃതർ അടച്ചുപൂട്ടിയത്.
പൊതുജനാരോഗ്യത്തിന് അപകട സാധ്യത ഉയർത്തുന്ന കഫേയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണ് കഫേയിൽ ഉണ്ടായിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിലും തിരുത്തൽ നടപടികൽ സ്വീകരിക്കുന്നതിലും കഫേ പരാജയപ്പെട്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഭക്ഷ്യ സുരക്ഷാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ നേരത്തെ ഈ കഫേയ്ക്ക് പിഴ ചുമത്തിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ സ്ഥാപനം വീണ്ടും നിയമ ലംഘനം തുടരുകയായിരുന്നു.
സുരക്ഷാ നിയമങ്ങൾ പാലിച്ചാണ് ഭക്ഷ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.