ദുബായ്: ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റിന് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (MEA). വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ മന്ത്രാലയം അനുമതി നൽകി. സർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണമായ പേരുകൾ, വിലാസം, വൈവാഹികനില, ആധാർ നമ്പറുകൾ, വോട്ടർ ഐഡികൾ, പാസ്പോർട്ട് നമ്പറുകൾ, തിയതി, സ്ഥലം, ഇരുകക്ഷികളുടെയും ഒപ്പുകൾ എന്നിവയെല്ലാം സത്യവാങ്മൂലത്തിൽ ഉണ്ടായിരിക്കണം. സാധാരണ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഈ രേഖകളെല്ലാം സ്വീകരിക്കും.
പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. രജിസ്റ്റർ ചെയ്‌ത വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികൾക്ക് പാസ്പോർട്ടിൽ അവരുടെ വൈവാഹികനില പുതുക്കുന്നതിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകാറുള്ള കാലതാമസവും അപേക്ഷ നിരസിക്കപ്പെടുന്നതും ഈ മാറ്റത്തിലൂടെ ഒഴിവാക്കാം.