ദുബായ് പോലീസിന്റെ പെട്രോൾ ഡീസൽ സ്റ്റേഷനുകൾ വഴിയുള്ള ‘ഓൺ-ദി-ഗോ’ സംരംഭം ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. പ്രവേശനക്ഷമതയും തൊഴിലാളി സംരക്ഷണവും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ സേവനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തൊഴിലുമായി ബന്ധപ്പെട്ട പരാതികളും, ഭിന്നശേഷിക്കാർക്കുള്ള ആവശ്യങ്ങളും ഇപ്പോൾ ‘ഓൺ-ദി-ഗോ’ വഴി സമർപ്പിക്കാനാകും.
ദുബായിലെ പ്രമുഖ ഇന്ധന ദാതാക്കളുമായി (ENOC, ADNOC, Emarat) പങ്കാളിത്തത്തോടെ ആരംഭിച്ച ‘ഓൺ-ദി-ഗോ’ സംരംഭം, എമിറേറ്റിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിലേക്ക് പോലീസ് സേവനങ്ങൾ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.
ഭിന്നശേഷിക്കാർക്ക് ( ശാരീരിക, ശ്രവണ, കാഴ്ച വൈകല്യങ്ങളുള്ള വ്യക്തികൾക്ക് ) ഈ സേവനം വഴി മുൻഗണനാ അടിയന്തര പ്രതികരണത്തിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. നിർണായക സാഹചര്യങ്ങളിൽ വേഗത്തിലുള്ള ആംബുലൻസ് ഡിസ്പാച്ച്, അനുയോജ്യമായ പിന്തുണ എന്നിവയും ലഭിക്കും.
തൊഴിൽ പരാതി സേവനം തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലങ്ങളിലെ വേതനം, താമസം, അല്ലെങ്കിൽ തൊഴിൽ സുരക്ഷ, ആരോഗ്യ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തിഗതമായോ കൂട്ടമായോ പരാതികൾ ഫയൽ ചെയ്യാനും കഴിയും.
\പെട്രോൾ ഡീസൽ സ്റ്റേഷനുകൾ വഴിയുള്ള ‘ഓൺ-ദി-ഗോ’ സംരംഭത്തിൽ ഇപ്പോൾ ചെറിയ ട്രാഫിക് അപകട റിപ്പോർട്ടുകൾ, അജ്ഞാത കക്ഷികൾക്കെതിരായ അപകട റിപ്പോർട്ടുകൾ, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ സേവനങ്ങൾ, വാഹന അറ്റകുറ്റപ്പണി സേവന മാർഗ്ഗനിർദ്ദേശം, പോലീസ് ഐ’ കമ്മ്യൂണിറ്റി റിപ്പോർട്ടിംഗ് സേവനം, ഇ-ക്രൈം റിപ്പോർട്ടിംഗ്, തൊഴിൽ പരാതി സമർപ്പിക്കൽ, ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള സേവനം എന്നിങ്ങനെ ആകെ എട്ട് സേവനങ്ങൾ ആണ് ഉൾപ്പെടുന്നത്.