അബുദാബി: സമുദ്ര ജൈവവൈവിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് അബുദാബി. അബുദാബി കോറൽ ഗാർഡൻസ് എന്ന പുതിയ സംരംഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എമിറേറ്റിന്റെ തീരദേശ, ആഴക്കടലുകളുടെ 1,200 ചതുരശ്ര കിലോമീറ്ററിൽ 40,000 പരിസ്ഥിതി സൗഹൃദ കൃത്രിമ പവിഴപ്പുറ്റുകളാണ് പദ്ധതിയിലൂടെ സ്ഥാപിക്കുന്നത്.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചത്. പവിഴപ്പുറ്റുകളുടെ പ്രകൃതിദത്ത സമുദ്ര ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 40,000 കൃത്രിമ റീഫ് മൊഡ്യൂളുകൾ വിന്യസിക്കും. പരിസ്ഥിതി സൗഹൃദവസ്തുക്കൾ ഉപയോഗിച്ചാണ് റീഫ് മൊഡ്യൂളുകൾ നിർമിക്കുക.
സമുദ്രജീവികളുടെ സംരക്ഷണത്തിന് പ്രധാന ഘടകമാണ് പവിഴപ്പുറ്റുകൾ. വിവിധ സംരംഭങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് അബുദാബി കോറൽ ഗാർഡൻസ് എന്ന സംരംഭം.