ദുബായ്: ദുബായിൽ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി പാലിക്കാത്ത രണ്ട് കമ്പനികൾക്കെതിരെ നടപടി. രണ്ട് കമ്പനികൾക്കും ഒരു ലക്ഷം ദിർഹം വീതം പിഴ ചുമത്തി. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി ആണ് കമ്പനികൾക്കെതിരെ പിഴ ചുമത്തിയത്. നിയമപരമായ സമയപരിധിക്കുള്ളിൽ സാമ്പത്തിക ബാധ്യതകൾ സമർപ്പിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തൽ.
യുഎഇയിലെ സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സെക്യൂരിറ്റീസ് ഓഫ് കമ്മോഡിറ്റീസ് അതോറിറ്റി നിർണായക പങ്ക് വഹിക്കുന്നുണ്ട്. സാമ്പത്തിക വിപണികൾ സുതാര്യവും നീതിയുക്തവുമാണെന്നും സ്ഥാപിത നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അതോറിറ്റി ഉറപ്പാക്കുന്നു.
വഞ്ചന, കൃത്രിമത്വം, മറ്റ് അധാർമ്മിക രീതികൾ എന്നിവ തടയുന്നതിന് മാർക്കറ്റുകളിലെയും എക്‌സ്‌ചേഞ്ചുകളിലെയും വ്യാപാര പ്രവർത്തനങ്ങൾ അതോറിറ്റി നിരീക്ഷിക്കുന്നു.