അബുദാബി ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നിലപാടും ന്യായവും വിശദീകരിക്കാൻ സർവകക്ഷി പ്രതിനിധി സംഘം യുഎഇയിലെത്തി. ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേ നയിക്കുന്ന സംഘം ഇന്നലെ രാത്രിയാണ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേ നയിക്കുന്ന സംഘത്തിൽ ഇടി മുഹമ്മദ് ബഷീർ എംപി, ബാൻസുരി സ്വരാജ് എംപി, അതുൽ ഗാർഗ് എംപി, സാംസിത് പാത്ര എംപി, മനൻകുമാർ മിശ്ര എംപി, മുൻ പാർലമെന്റ് അംഗം എസ് എസ് അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ഛിനോയ് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എംപിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ എന്നിവർ 32 രാജ്യങ്ങളിലേക്കും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തേക്കുമാണ് സഞ്ചരിക്കുന്നത്.
ഇന്ന് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും, പ്രതിരോധ, ആഭ്യന്തര, വിദേശ കാര്യ, ഫെഡറൽ നാഷനൽ കൗൺസിൽ (FNC ) കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയെയും മറ്റു FNC അംഗങ്ങളെയും സന്ദർശിച്ച് നിലപാട് വ്യക്തമാക്കും.
ശനിയാഴ്ചയാണ് സംഘം സന്ദർശനം പൂർത്തിയാക്കി യുഎഇയിൽ നിന്ന് മടങ്ങുന്നത്.