ദുബായ്: ദുബായ് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറൈവൽ ഏരിയയിലെ ടെർമിനൽ 1 ൽ പാർക്ക് ചെയ്തിരുന്ന എസ്‌യുവിയ്ക്കാണ് തീപിടിച്ചത്. മറ്റ് വാഹനങ്ങളിലേക്കൊന്നും തീ പിടർന്നിട്ടില്ല. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അധികൃതരെത്തി തീ അണയ്ക്കുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തമുണ്ടായ സമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായതിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.