ദുബായ്: രാജ്യത്തെ താപനിലയിൽ ഇന്ന് നേരിയ കുറവ് അനുഭവപ്പെടുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ പ്രദേശങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
രാത്രിയിലും ശനിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. ചില വടക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ഇന്ന് ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 44°C എത്താൻ സാധ്യതയുണ്ട്. ജൂൺ 19 ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 47.4°C ആയിരുന്നു. ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 വരെ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ എൻസിഎം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 9 വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനുള്ള മഞ്ഞ അലേർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. അബുദാബിയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29° ഡിഗ്രി സെൽഷ്യസും ആയിരിക്കും അനുഭവപ്പെടുക. ദുബായിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. 39 ഡിഗ്രി സെൽഷ്യസായിരിക്കും ഷാർജയിൽ അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനില. 29 ഡിഗ്രി സെൽഷ്യസായിരിക്കും ഷാർജയിലെ കുറഞ്ഞ താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.