ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചു. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയാണ് അലേർട്ട് പ്രഖ്യാപിച്ചത്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ബോർഡുകളിലെ മാറിക്കൊണ്ടിരിക്കുന്ന വേഗത പരിധി പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അബുദാബിയിൽ, ഗാസിയോറ, അൽ ക്വാ തുടങ്ങിയ പ്രദേശങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. അതേസമയം, മെസൈറയിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെടാം. ദുബായിൽ താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
അബുദാബിയിൽ ഏകദേശം 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെടും. രാത്രിയിലും ഞായറാഴ്ച രാവിലെ വരെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക.