ദുബായ്: ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ ജൂലൈ 13 ഞായറാഴ്ച മുതൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിടും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. മറീന ഏരിയയിൽ നിന്ന് ജുമൈറയിലേക്കും ദുബായ് ഹാർബറിലേക്കും വരുന്നവർക്ക് കിംഗ് സൽമാൻ സ്ട്രീറ്റിൽ നിന്ന് മുന്നോട്ടും ഇടത്തോട്ടുമുള്ള സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്നാണ് അറിയിപ്പ്.
ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കണമെന്നും പുതിയ ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.