ദുബായ്: കെട്ടിടങ്ങളിലെ എയർ കണ്ടീഷണറുകൾ പരിശോധിക്കണമെന്ന് നിർദ്ദേശം നൽകി വിദഗ്ധർ. ദുബായ് ലാൻഡ് വില്ലയിലെ തീപിടുത്തത്തെ തുടർന്നാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് താമസിക്കുന്നവർ അവരുടെ എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ പതിവായി പരിശോധിക്കണമെന്നും പുക അലാറങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
സെറീനയിലെ ബെല്ല കാസയിലുള്ള ഒരു ബ്രിട്ടീഷ് കുടുംബത്തിന്റെ വില്ലയിലെ വീട്ടുജോലിക്കാരിയുടെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഒരു എസി യൂണിറ്റിലെ ആന്തരിക വൈദ്യുത തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മുറിയിൽ ഫയർ അലാറം പ്രവർത്തിച്ചില്ലെന്നും ഒരുപാട് നാശനഷ്ടങ്ങളുണ്ടായെന്നുമാണ് താമസക്കാർ വ്യക്തമാക്കിയത്.
എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ പതിവ് അറ്റകുറ്റപ്പണികളെ കുറിച്ചും അഗ്നിസുരക്ഷാ നടപടികൾ പാലിക്കുന്നതിനെ കുറിച്ചും വിദഗ്ധർ ഓർമ്മിപ്പിച്ചു. റെസിഡൻഷ്യൽ ക്രമീകരണങ്ങളിൽ ഏറ്റവും സാധാരണമായ തീപിടുത്തങ്ങൾ ഉണ്ടാകുന്നത് എസി യൂണിറ്റുകൾക്കുള്ളിലെ വൈദ്യുത തകരാറുകൾ മൂലമാണെന്ന് അധികൃതർ അറിയിച്ചു.