ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ റാങ്കിംഗിൽ യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൗഡ് സോഴ്സ്ഡ് ഓൺലൈൻ ഡാറ്റാബേസായ നംബിയോയുടെ ‘സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ്-ഇയർ’ പ്രകാരമാണ് യുഎഇ 85.2 പോയിന്റുകൾ നേടിയത്.
സുരക്ഷാ സൂചികയിൽ യുഎഇയെ പിന്തുടർന്ന് അൻഡോറ, ഖത്തർ, തായ്വാൻ, മക്കാവോ (ചൈന) എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി. 200-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ വസിക്കുന്ന യുഎഇ, ജീവിത നിലവാരത്തിനും സുരക്ഷയ്ക്കും പേരുകേട്ടതാണ്.
മധ്യവർഷ പട്ടികയിൽ, ഫ്രാൻസിനും സ്പെയിനിനും ഇടയിൽ സ്ഥിതി ചെയ്യുന്നതും സ്കീ റിസോർട്ടുകൾക്ക് പേരുകേട്ടതുമായ ഒരു ചെറിയ രാജ്യമായ അൻഡോറ സുരക്ഷാ സൂചികയിൽ 84.8 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഖത്തർ 84.6 പോയിന്റുമായി മൂന്നാം സ്ഥാനത്തും തായ്വാനും മക്കാവോയും തൊട്ടുപിന്നിലുമായി ഇടം നേടി.
സൂചികയിൽ സൗദി അറേബ്യ 14-ാം സ്ഥാനത്തും ബഹ്റൈൻ 15-ാം സ്ഥാനത്തും. കുവൈറ്റ് 38-ാം സ്ഥാനത്തും ജോർദാൻ 54-ാം സ്ഥാനത്തുമാണ്. പാകിസ്ഥാൻ 62-ാം സ്ഥാനത്തെത്തി, ഫിലിപ്പീൻസും ഇന്ത്യയും യഥാക്രമം 66-ാം സ്ഥാനത്തും 67-ാം സ്ഥാനത്തുമാണ്.
നംബിയോയുടെ സുരക്ഷാ സൂചികയിൽ 2025 മാർച്ചിൽ യുഎഇ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, അൻഡോറ ആ പട്ടികയിൽ ഒന്നാമതായിരുന്നു.