വാട്ട്‌സ്ആപ്പ് വഴി അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ അപമാനിക്കൽ എന്നീ കുറ്റങ്ങൾക്ക് ദുബായ് കോടതി ഒരു വ്യക്തിയ്ക്ക് ഇന്റർനെറ്റ് ഉപയോഗം വിലക്കുകയും, ഇയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. വാട്ട്‌സ്ആപ്പിൽ നിരവധി അപകീർത്തികരമായ സന്ദേശങ്ങൾ ലഭിച്ച ഒരു കോർപ്പറേറ്റ് പ്രൊഫഷണലാണ് ഈ കേസിലെ പരാതിക്കാരൻ.
ഇരു കക്ഷികളും ദുബായിലെ അൽ സഫൂഹ് 2 ലെ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഉണ്ടായിരുന്നപ്പോഴാണ് വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലും പ്രശസ്തിക്ക് കോട്ടം വരുത്തുന്ന രീതിയിലും വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചത്.
2025 ഏപ്രിൽ 24-ന് ദുബായ് കോടതി പ്രതിക്ക് വിവര ശൃംഖലകളോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി, എല്ലാ ഉപകരണങ്ങളിൽ നിന്നും റെക്കോർഡുകളിൽ നിന്നും കുറ്റകരമായ സന്ദേശങ്ങൾ ഇല്ലാതാക്കാനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടി, 5,000 ദിർഹം പിഴ ചുമത്തി.