യുക്രൈനും റഷ്യക്കും ഇടയിൽ താൻ സൃഷ്ടിക്കാൻ പോകുന്ന സമാധാനത്തിൻ്റെ പേരിൽ താൻ സ്വർഗത്തിൽ പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ചൊവ്വാഴ്ച ഫോക്സ് ന്യൂസ് സംഘടിപ്പിച്ച ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിലൊരു വിലയിരുത്തൽ നടത്തിയത്. ‘കഴിയുമെങ്കിൽ സ്വർഗത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടേക്ക് എത്താൻ പാകത്തിന് അത്ര മികച്ചതല്ല എൻ്റെ നില, ശരിക്കും ആ ശ്രേണിയിൽ ഏറ്റവും താഴെത്തട്ടിലാണ് ഞാൻ എന്നും കേൾക്കുന്നുണ്ട്,’ 79-കാരനായ ട്രംപ് പറഞ്ഞു.
ഇനി അഥവാ, സ്വർഗത്തിൽ പോകാൻ തനിക്ക് ഒരവസരം ലഭിക്കുകയാണെങ്കിൽ അത് യുക്രൈനും റഷ്യക്കും ഇടയിൽ താൻ സൃഷ്ടിക്കാൻ പോകുന്ന സമാധാനത്തിൻ്റെ പേരിലായിരിക്കും എന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധത്തിൻ്റെ ഭാഗമായി യുക്രൈനിലും റഷ്യയിലും ഉണ്ടായിട്ടുള്ള ജീവഹാനികൾ ചൂണ്ടിക്കാട്ടി, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലിനെ തികച്ചും മാനുഷികമായ കാഴ്ചപ്പാടിലാണ് ട്രംപ് ഈ പരിപാടിയിൽ അവതരിപ്പിച്ചത്.
‘എനിക്ക് സ്വർഗത്തിൽ പോകാൻ കഴിഞ്ഞാൽ, ഇത് അതിൻ്റെ കാരണങ്ങളിൽ ഒന്നായിരിക്കും. ആഴ്ചയിൽ 7,000 പേരെ കൊല്ലപ്പെടുന്നതിൽ നിന്ന് രക്ഷിക്കാൻ എനിക്ക് കഴിഞ്ഞാൽ, അതൊരു വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നു. നമുക്ക് അമേരിക്കക്കാരുടെ ജീവനുകൾ നഷ്ടപ്പെടുന്നില്ല. നമുക്ക് അമേരിക്കയുടെ സൈനികരെ നഷ്ടപ്പെടുന്നില്ല. പക്ഷേ, നിങ്ങൾക്കറിയാമോ, നമുക്ക് റഷ്യക്കാരെയും യുക്രൈൻകാരെയും നഷ്ടപ്പെടുന്നുണ്ട്, പ്രത്യേകിച്ച് സൈനികരെ,’ യുഎസ് പ്രസിഡന്റ് പറഞ്ഞു.