ദുബായിൽ നിന്ന് റാസൽഖൈമയിലേക്ക് 15 മിനിറ്റിനുള്ളിൽ യാത്ര സാധ്യമാകുന്ന ആദ്യത്തെ പാസഞ്ചർ എയർ ടാക്സി സേവനം റാസൽഖൈമയിൽ 2027 ആദ്യ പകുതിയോടെ ആരംഭിക്കും.
ഇതനുസരിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA), ജോബി ഏവിയേഷൻ, സ്കൈപോർട്ട്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവ 2027 ൽ റാസൽഖൈമയിൽ പാസഞ്ചർ എയർ ടാക്സി സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ ഇന്ന് തിങ്കളാഴ്ച ഒപ്പുവച്ചിട്ടുണ്ട്. കരാർ പ്രകാരം, റാസൽഖൈമയിൽ ആദ്യത്തെ പറക്കും ടാക്സി സർവീസും ജോബി (Joby Aviation) നടത്തും.
ആദ്യ ഘട്ടത്തിൽ, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വെർട്ടിപോർട്ടിൽ നിന്ന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വിൻ റിസോർട്ടുകൾ സ്ഥിതി ചെയ്യുന്ന അൽ മർജൻ ദ്വീപിലേക്കാണ് പറക്കും ടാക്സി സർവീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ, അൽ മർജൻ ദ്വീപിൽ നിന്ന് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ ജെയ്‌സിലേക്ക് സർവീസ് ആരംഭിക്കാനാണ് പദ്ധതി.
ജോബിയുടെ എയർ ടാക്സി മണിക്കൂറിൽ 321 കിലോമീറ്റർ വേഗതയിൽ ആണ് പറക്കുന്നത്, ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വരെ പ്രവർത്തന മലിനീകരണമില്ലാതെ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ജോബിയുടെ എയർ ടാക്സി.
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സംയോജിത ഗെയിമിംഗ് റിസോർട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചോ അല്ലെങ്കിൽ അതോടൊപ്പം തന്നെയാണ് പറക്കും ടാക്സി സർവീസിന്റെ ആരംഭവും ഉണ്ടാകുക.