സദ്ഭരണത്തിലേക്ക് ദുബായിയെ നയിച്ച 8 സുപ്രധാന തത്വങ്ങൾ വെളിപ്പെടുത്തി ദുബായ് ഭരണാധികാരിയും യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ എട്ട് തത്വങ്ങൾ വിശദീകരിച്ചിട്ടുള്ളത്.
ദുബായിയുടെ വിജയത്തിന് പിന്നിലെ ആ 8 തത്വങ്ങൾ ഇവയാണ്. (ലഘു തർജ്ജമ)
1. രാജ്യത്തിന്റെ അഖണ്ഡത: ദുബായ് എന്നും യു എ ഇയുടെ അവിഭാജ്യ ഘടകമാണ്. രാജ്യത്തിന്റെ താല്പര്യമാണ് ദുബായിയുടെ താല്പര്യം.
2. ആരും നിയമത്തിന് അതീതരല്ല: നീതിയാണ് അഭിമാനമുള്ള ഒരു രാജ്യത്തിന്റെ അടിത്തറ. ഭരണാധികാരികൾ ഉൾപ്പെടെ ആരും ദുബായിൽ നിയമത്തിന് മുകളിൽ അല്ല.
3. നമ്മൾ ഒരു ബിസിനസ് അധിഷ്ഠിത ജനതയാണ്: ജനതയുടെ ജീവിത നിലവാരം ഉയർത്തുവാൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക. ദുബായ് രാഷ്ട്രീയമായി നിക്ഷ്പക്ഷത പാലിക്കുന്ന ഒരു ബിസിനസ് സൗഹൃദ ഗ്ലോബൽ ഹബ് ആണ്.
4. വളർച്ചയെ നിർണ്ണയിക്കുന്ന 3 കാര്യങ്ങൾ: വിശ്വാസ്യതയുള്ള, മികച്ച ഒരു ഭരണകൂടം; തുറന്ന, വിശ്വാസ്യതയുള്ള, ചലനാത്മകമായ സ്വകാര്യ മേഖല; ആഗോള തലത്തിൽ മത്സരിക്കാൻ പ്രാപ്തമായ പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കമ്പനികൾ, ഇവ സർക്കാരിന് ലാഭവും ജനങ്ങൾക്ക് ജോലിയും ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള കരുതലും ആകുന്നു.
5. നമ്മുടെ സമൂഹത്തിനൊരു സവിശേഷ സ്വഭാവമുണ്ട്: തുറന്ന മനസ്സുള്ള, സഹിഷ്ണുതയും ആദരവും ഉള്ള ഒരു സമൂഹമാണ് നമ്മുടേത്. നമ്മൾ വിജയത്തിൽ അഭിമാനം കൊള്ളുകയും വെല്ലുവിളികളെ സധൈര്യം നേരിടുകയും ചെയ്യുന്നു.
6. സാമ്പത്തീക ബഹുസ്വരതയിൽ നമ്മൾ വിശ്വസിക്കുന്നു: 1883 മുതൽ നമ്മുടെ അലിഖിത ഭരണഘടനയുടെ തത്വമായിരുന്നു ഇത്. പുതിയ കാലത്ത് ഇത് കൂടുതൽ പ്രസക്തമാകുന്നു. ഓരോ 3 വർഷത്തിലും പുതിയ സാമ്പത്തീക മേഖലകൾ സൃഷ്ടിച്ച് നമ്മുടെ ജിഡിപി യും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുക.
7. കഴിവിന് അംഗീകാരം നൽകുന്ന നാട്: ദുബായ് എന്നും കഴിവുള്ള ആളുകളെ അംഗീകരിച്ചിട്ടുണ്ട്. ബിസിനസുകാർ, ഉദ്യോഗസ്ഥർ, എൻജിനീയർമാർ തുടങ്ങി എല്ലാ മേഖലകളിലും. ലോകത്തെ ഏറ്റവും മികച്ച ആളുകളെ ഉപയോഗിച്ച് ആവണം ദുബായ് മുന്നോട്ട് കുത്തിക്കേണ്ടത്.
8. വരും തലമുറകൾക്ക് കരുതൽ: നമ്മുടെ വരും തലമുറകളുടെ ഭാവി മേഖലയിൽ ഉള്ള രാഷ്ട്രീയ അസ്ഥിരതകളിലും ആഗോള സാമ്പത്തീക പ്രശ്നങ്ങളിലും പെട്ട് ചാഞ്ചാടരുത്. ആറ് കൊണ്ട് തന്നെ എല്ലാ കാലത്തും ഭരണകൂടം വാർഷിക ബഡ്ജറ്റിന്റെ 20 ഇരട്ടി വരുന്ന കരുതൽ ധനം സൂക്ഷിക്കേണ്ടതാണ്.
ദൈവത്തെ സ്തുതിച്ചു കൊണ്ട് തുടർന്നും ഈ രാജ്യത്തെയും ജനങ്ങളെയും അഭിമാനത്തോടെ മുന്നോട്ടു കുതിക്കാൻ സഹായം പ്രാർത്ഥിച്ചു കൊണ്ടുമാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.