അൽ ഐൻ മേഖലയിലെ സഖർ ഇന്റർസെക്ഷൻ ഔദ്യോഗികമായി തുറന്നു നൽകി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. സഖർ ഇന്റർ സെക്ഷൻ തുറന്നത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ആയിരക്കണക്കിന് ഡ്രൈവർമാരുടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.
185 മില്യൺ ദിർഹം ചെലവ് വരുന്ന പദ്ധതി പൂർത്തീകരിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു. നിലവിലുള്ള നാലുവശങ്ങളുള്ള റൗണ്ട്എബൗട്ടിനെ കൂടുതൽ കാര്യക്ഷമവും ട്രാഫിക് ലൈറ്റ് നിയന്ത്രിതവുമായ ഒരു ജംഗ്ഷനാക്കി മാറ്റുന്നതിലാണ് പുനർവികസനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
നിർമ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഓരോ ദിശയിലും മൂന്ന് വരികളുള്ള 900 മീറ്റർ തുരങ്കം നിർമ്മിക്കുക എന്നതായിരുന്നു. 22 മാസങ്ങളെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. അൽ ഐൻ മേഖലയിലുടനീളം ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പുതിയ ഇന്റർസെക്ഷൻ പ്രതിഫലിപ്പിക്കുന്നതെന്ന് അൽഐൻ സിറ്റി മുനിസിപ്പാലിറ്റിയിലെ അൽ ഐൻ ഇൻഫ്രാസ്ട്രക്ചർ സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഹംദാൻ അൽ അമേരി പറഞ്ഞു. മേഖലയിലെ റോഡ് ശൃംഖല ശക്തവും കാര്യക്ഷമവും താമസക്കാരെയും സന്ദർശകരെയും പിന്തുണയ്ക്കാൻ പ്രാപ്തവുമാണെന്ന് ഉറപ്പാക്കാനുള്ള തങ്ങളുടെ വിശാലമായ ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.