നാല് പതിറ്റാണ്ടുകൾക്കുള്ളിൽ ‘ലോകമെമ്പാടുമായി 860 ദശലക്ഷത്തിലധികം ആളുകളെ എത്തിച്ച് യു എ ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. നാളെ ഒക്ടോബർ 25 ന് എമിറേറ്റ്സ് വിമാനയാത്ര ആരംഭിച്ച് 40 വർഷങ്ങൾ തികയുമ്പോൾ, എമിറേറ്റ്‌സ് ഇതിനകം ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായി മാറിയെന്നും യുഎഇയുടെ വികസനത്തിന്റെ ഒരു പ്രധാന സ്തംഭമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിലൂടെ പറഞ്ഞു.
“നാൽപ്പത് വർഷങ്ങൾക്ക് മുമ്പ്, 1985 ഒക്ടോബർ 25 ന്, ആകാശത്തേക്ക് വലിയ അഭിലാഷങ്ങളും വഹിച്ചുകൊണ്ട് ആദ്യത്തെ എമിറേറ്റ്സ് വിമാനം പറന്നുയർന്നു,” ഷെയ്ഖ് മുഹമ്മദ് എഴുതി. “ഇന്ന്, എമിറേറ്റ്സ് ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായി മാറിയിരിക്കുന്നു, ലോകമെമ്പാടുമുള്ള 152 നഗരങ്ങളുമായി ദുബായിയെ നേരിട്ട് ബന്ധിപ്പിക്കുന്നു. ഇത് ആളുകളെയും അവരോടൊപ്പം അവരുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ദുബായിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകുന്നു. അതിന്റെ യാത്രയിൽ, എയർലൈൻ ഭൂഖണ്ഡങ്ങളിലൂടെ 860 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു.” അദ്ദേഹം എക്‌സിൽ കുറിച്ചു.
എമിറേറ്റ്‌സ് ഇന്ന് നമ്മുടെ ദേശീയ അഭിമാന ചിഹ്നങ്ങളിലൊന്നായും, നമ്മുടെ വികസന യാത്രയിലെ ഒരു പ്രധാന ചാലകശക്തിയായും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർലൈനുകളിൽ ഒന്നായും നിലകൊള്ളുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.





