കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (VPN) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തത് യുഎഇയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
സൈബർ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, 2020 മുതൽ 2025 ന്റെ ആദ്യ പകുതി വരെ യുഎഇയിൽ VPN ഡൗൺലോഡ് നിരക്ക് 65.78 ശതമാനമായിരുന്നു, തൊട്ടുപിന്നാലെ ഖത്തർ (55.43 ശതമാനം), സിംഗപ്പൂർ (38.23 ശതമാനം), നൗറു (35.49 ശതമാനം), ഒമാൻ (31 ശതമാനം), സൗദി അറേബ്യ (28.93 ശതമാനം), നെതർലാൻഡ്സ് (21.77 ശതമാനം), യുകെ (19.63 ശതമാനം), കുവൈറ്റ് (17.88 ശതമാനം), ലക്സംബർഗ് (17.3 ശതമാനം) എന്നിങ്ങനെയാണ്.
2025 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം യുഎഇയിലെ താമസക്കാർ 6.11മില്യൺ VPN ആപ്പുകൾ ഡൗൺലോഡ് ചെയ്തു, 2024 ൽ 9.2 മില്യണും 2023 ൽ 7.81 മില്യണും 2022 ൽ 6.54 മില്യണും എന്നിങ്ങനെയായിരുന്നു കണക്കുകൾ.
നിലവിലെ വേഗത തുടർന്നാൽ, യുഎഇയിൽ ഈ വർഷത്തെ ഡൗൺലോഡുകൾ കഴിഞ്ഞ വർഷത്തെ കണക്കുകളെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വേൾഡോമീറ്റർ ഡാറ്റ പ്രകാരം, യുഎഇയുടെ ജനസംഖ്യാ വർധനവ് 11.44 ദശലക്ഷത്തിലെത്തിയതിനൊപ്പം VPN ഉപയോഗത്തിലെ തുടർച്ചയായ വളർച്ചയുണ്ടായി.
യുഎഇയിലെ താമസക്കാർക്ക് VPN ആപ്പുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും, VPN ആപ്പുകൾ ഉപയോഗിച്ച് യുഎഇ സർക്കാർ തടഞ്ഞ വെബ്സൈറ്റുകൾ, കോളിംഗ് ആപ്പുകൾ അല്ലെങ്കിൽ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യുകയോ, കുറ്റകൃത്യം ചെയ്യുകയോ, ഒരാളുടെ ഐപി വിലാസം മറച്ചുവെക്കുകയോ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന യുഎഇ നിവാസികൾക്ക് 500,000 ദിർഹം മുതൽ 2 മില്യൺ ദിർഹം വരെ തടവും പിഴയും ലഭിച്ചേക്കാം.






