ദുബായിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് 660,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ച 2 പേരെ ദുബായ് വിമാനത്താവളത്തിൽ വെച്ച് ദുബായ് പോലീസ് പിടികൂടി.
സൂപ്പർമാർക്കറ്റിൽ മോഷണം നടന്നതായി ബർ ദുബായ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ വെച്ച് 2 പേരേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.
ദുബായിലെ ഒരു വലിയ സൂപ്പർമാർക്കറ്റിലെ പിൻവശത്തെ പ്രവേശന കവാടത്തിൽ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് 2 പ്രതികൾ അകത്തു കയറുകയായിരുന്നു. 60,000 ദിർഹം അടങ്ങിയ നാല് പണപ്പെട്ടികൾ തുറന്ന ശേഷം, പ്രധാന സേഫിലേക്ക് പോയി, അതേ ഉപകരണങ്ങൾ ഉപയോഗിച്ച് അത് ബലമായി തുറന്ന് 600,000 ദിർഹം കൂടി മോഷ്ടിച്ചു, തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മുഖത്ത് മാസ്ക് ധരിച്ച 2 പേരായിരുന്നു മോഷണത്തിന് എത്തിയതെന്ന് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ജീവനക്കാരിലൊരാൾ സൂപ്പർമാർക്കറ്റ് തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഉടൻ ബർ ദുബായ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
തുടർന്ന് ഡ്യൂട്ടി ഓഫീസർ, ഫോറൻസിക് വിദഗ്ധർ, സിഐഡി അന്വേഷകർ എന്നിവരടങ്ങുന്ന ഒരു ദ്രുത പ്രതികരണ സംഘം സ്ഥലത്തെത്തി തെളിവുകൾ പരിശോധിച്ചു. പ്രതികൾ മുഖംമൂടി ധരിച്ച് തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാൻ ശ്രമിച്ചിട്ടും, ഉദ്യോഗസ്ഥർക്ക് അവരുടെ നീക്കങ്ങൾ കണ്ടെത്താനും കൃത്രിമബുദ്ധി ഉപകരണങ്ങൾ, ഡാറ്റ വിശകലനം, തെളിവുകൾ ശേഖരിച്ച് അവരെ വിജയകരമായി തിരിച്ചറിയാനും കഴിഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ മോഷ്ടിച്ച പണവുമായി രാജ്യം വിടാനുള്ള അവരുടെ ഉദ്ദേശ്യം പോലീസ് ഉദ്യോഗസ്ഥർക്ക് മനസിലായി. തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച പണം പൂർണ്ണമായും വീണ്ടെടുക്കുകയും ചെയ്തു. പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്.






