അബുദാബി: അബുദാബി സിറ്റി മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ പാർക്കുകളും ബീച്ചുകളും താത്ക്കാലികമായി അടച്ചിടും. അസ്ഥിര കാലാവസ്ഥയെ തുടർന്നാണ് പാർക്കുകളും ബീച്ചുകളും അടച്ചിടാൻ തീരുമാനിച്ചത്. കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ താമസക്കാരും സന്ദർശകരും ഈ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അപ്ഡേറ്റുകൾ പിന്തുടരണമെന്നും അധികൃതർ നിർദ്ദേശം നൽകി. പ്രതികൂല സാഹചര്യങ്ങൾ തുടരുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുൻകരുതലുകൾ നടപടികൾ സ്വീകരിക്കമമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. അതേസമയം, ഇന്ന് രാജ്യത്ത് കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വീഴ്ച്ച എന്നിവയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






