ദുബായ്: രാജ്യത്ത് വെള്ളിയാഴ്ച്ച സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇയിൽ അനുഭവപ്പെടുന്ന കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ആവശ്യമായ തൊഴിൽ ആരോഗ്യ-സുരക്ഷാ നടപടികൾ സ്വീകരിക്കണം. കാലാവസ്ഥാ അപ്ഡേറ്റുകൾ സംബന്ധിച്ച് ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് രാജ്യത്ത് കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വീഴ്ച്ച എന്നിവയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും വേണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





