ദുബായ്: യുഎഇയിൽ കനത്ത മഴ. വിവിധയിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫുജൈറ ഉൾപ്പെടെയുള്ള യുഎഇയുടെ പടിഞ്ഞാറൻ തീരദേശ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.40 വരെ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. യെല്ലോ അലർട്ട് വൈകുന്നേരം 4 വരെയാണ് നിലവിലുള്ളത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നുണ്ടെന്നും യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ തെക്ക് കിഴക്കൻ കാറ്റ് വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരും. തിരമാലകൾ 6 അടി വരെ ഉയരാനും സാധ്തയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.






