ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 20 വർഷം പൂർത്തിയാകുകയാണ്. 2006 ജനുവരി നാലിനായിരുന്നു ശൈഖ് മുഹമ്മദ് ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 വർഷം കൊണ്ട് ദുബായ് ലോകത്തിന്റെ നെറുകയിലെത്തി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ദുബായിയെ ബിസിനസ്, സംസ്‌കാരം, നൂതന സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം മുൻനിരയിലെത്തിച്ചു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
നിരവധി പദ്ധതികളാണ് അദ്ദേഹം ദുബായിൽ നടപ്പിലാക്കിയത്. ബഹിരാകാശ പര്യവേഷണം മുതൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ദുബായ് മെട്രോ, ബുർജ് ഖലീഫ, ദുബായ് ഗ്രീൻ വിഷൻ, മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ്, സ്മാർട് പോലീസ് സ്‌റ്റേഷനുകൾ, ഗോൾഡൻ വിസ പ്രോഗ്രാം, ദേശീയ ഭവന പദ്ധതികൾ, മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, യുഎഇ ചൊവ്വ ദൗത്യം, ബ്ലൂവാട്ടേഴ്‌സ് ദ്വീപ്, ദുബായ് കെയേഴ്‌സ് എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾക്ക് അദ്ദേഹത്തിന്റെ ഭരണനേതൃത്വം സാക്ഷ്യം വഹിച്ചിട്ടുണ്ട്.






