ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അഭിനന്ദനവുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 20 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റ് ശൈഖ് ദുബായ് ഭരണാധികാരിയ്ക്ക് അഭിനന്ദനം അറിയിച്ചത്. നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കും വികസനത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
തന്റെ സഹോദരൻ മുഹമ്മദ് ബിൻ റാഷിദ് നമ്മുടെ സർക്കാരിനെ നയിച്ചതിന്റെ 20 വർഷത്തെ ബഹുമാനാർത്ഥം, യുഎഇയുടെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നേട്ടങ്ങളെയും ഭാവി കേന്ദ്രീകൃത ദർശനത്തളെയും തങ്ങൾ ആഘോഷിക്കുന്നു. ബഹിരാകാശ മേഖല മുതൽ വിവിധ മേഖലകളിൽ ദുബായ് നഗരം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്നും യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മേധാവിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ദുബായ് ഭരണാധികാരിയ്ക്ക് അഭിനന്ദനം അറിയിച്ചു. ഇരുപത് വർഷത്തെ ഭരണനേതൃത്വത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഒരു നൂതന സർക്കാർ സംവിധാനം കെട്ടിപ്പടുക്കുകയും യുഎഇയെ സർക്കാർ മികവിൽ അനുകരിക്കേണ്ട ഒരു വിജയഗാഥയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മഹത്വത്തെ തങ്ങൾ അഭിനന്ദിക്കുകയും നേതൃത്വത്തിലും വികസനത്തിലും ഒരു ആഗോള മാതൃക രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ യാത്രയിലും നേട്ടങ്ങളിലും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും അഭിമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






