ഓർമ്മകളുടെ മൈതാനത്ത് ഒരിക്കൽ കൂടി പന്ത് ഉരുണ്ടു. കടൽ കടന്ന് ഏറെ ദൂരെയെത്തിയാലും, മനസ്സ് ഇന്നും ചേലക്കരയുടെ മണ്ണിൽ തന്നെ. ബാല്യത്തിന്റെ ഓർമ്മകളും നാട്ടുവഴികളിലെ പൊടിയും കളിക്കളങ്ങളിലെ ആവേശവും പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മങ്ങാതെ കാത്തുസൂക്ഷിക്കുന്ന ഒരുപറ്റം കായികപ്രേമികളുടെ കൂട്ടായ്മയാണ് വീണ്ടും പ്രവാസഭൂമിയിൽ ഉണർന്നത്.
കടൽ കടന്നാലും ചേലക്കരയുടെ സൗഹൃദങ്ങളും കളിക്കളത്തിലെ ആവേശവും ഒരുമിച്ച് നിലനിർത്തുന്ന പ്രവാസ ലോകത്തെ കായികാസ്വാദകർ ഏറെ നാളായി കാത്തിരുന്ന ചേലക്കര പ്രവാസി സുഹൃത്തുകൾ UAE സംഘടിപ്പിക്കുന്ന തലമ പന്തുകളി രണ്ടാം സീസൺ ന് ജനുവരി 11-ന് ദുബായ് വുഡ്ലം പാർക്ക് സ്കൂളിൽ ഉജ്ജ്വല തുടക്കമായി.
ചേലക്കര പ്രവാസി സുഹൃത്തുകൾ UAE സെക്രട്ടറി രാധാകൃഷ്ണൻ കുറുമല അധ്യക്ഷത വഹിച്ച യോഗത്തിൽ ആലത്തൂർ എം.പി. ശ്രീ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. നാടൻ കായിക വിനോദങ്ങളെ സംരക്ഷിക്കുകയും അവയെ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ പ്രവാസജീവിതത്തിൽ വലിയ ഊർജ്ജവും ആത്മബന്ധവും നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സത്യൻ പല്ലക്കാട്ട് , സുഭരാമൻ ഗ്രാമം,ശ്രീകുമാർ മാമ്പറ്റ, ഫൈസൽ ഹൈദർ പങ്ങാരപ്പിള്ളി, ജദീദ് തോന്നൂർക്കര, സൈദു മുഹമ്മദ് വലിയകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചേലക്കര പ്രവാസി സുഹൃത്തുകൾ UAE പ്രസിഡന്റ് സുരേഷ് നാട്ട്യൻ ചിറ യോഗത്തിന് നന്ദി പറഞ്ഞു.
വാശിയേറിയ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ എട്ട് കരുത്തരായ ടീമുകൾ മാറ്റുരച്ചു. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടി.
സെമിഫൈനൽ – ഫൈനൽ മത്സരങ്ങൾ
2026 ജനുവരി 18 (ഞായർ)
ദുബായ് – വുഡ്ലം പാർക്ക് സ്കൂൾ മൈതാനത്ത്
ആദ്യ സെമിഫൈനലിൽ: PERFECT CHOICE × CLOUD LINK
രണ്ടാം സെമിഫൈനൽ: MEGA STAR × FK TOOLS
ചേലക്കരയുടെ ഓർമ്മകളും ഒരുമയുടെ ആത്മാവും വീണ്ടും പ്രവാസഭൂമിയിൽ പന്തായി ഉരുണ്ട നിമിഷങ്ങൾ, പ്രവാസ ലോകത്ത് മറ്റൊരു ഉത്സവമാക്കി മാറ്റുകയാണ് ചേലക്കര പ്രവാസി സുഹൃത്തുക്കൾ






