അബുദാബി: അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് യുഎഇയിൽ യുവാവിന് 25,000 ദിർഹം പിഴ ചുമത്തി. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ ഫോട്ടോ എടുത്ത് സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തുവെന്ന വാദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയതത്.
വാദിയുടെ സ്വകാര്യത ലംഘിച്ചതിന് ക്രിമിനൽ കോടതി മുമ്പ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി പ്രതി 25000 ദിർഹം വാദിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്. പ്രതി തന്റെ സ്വകാര്യത ലംഘിച്ചെന്നും ഇത് തനിക്ക് സാമ്പത്തികവും വൈകാരികവുമായ ദോഷം വരുത്തിയെന്നും, തന്റെ സ്വകാര്യത ലംഘിച്ചതിനാലും, ജോലിസ്ഥലത്തും ബന്ധുക്കളുടെയും സമപ്രായക്കാരുടെയും ഇടയിൽ അവഹേളനത്തിനും സംശയത്തിനും വിധേയമാക്കിയതിനാലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം നഷ്ടപരിഹാരവും കോടതി, നിയമപരമായ ഫീസുകളും നൽകണമെന്നും വാദി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പ്രതിയുടെ പ്രവൃത്തികൾ സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്ന് കാണിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി സാമ്പത്തിക നഷ്ടപരിഹാരത്തിനായുള്ള വാദിയുടെ വാദം കോടതി നിരസിച്ചു. തുടർന്നാണ് 25000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. വാദിയുടെ കോടതി ചെലവുകളും അഭിഭാഷക ഫീസും പ്രതി വഹിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.





