ദുബായ്: എഐ അധിഷ്ഠിത ഇ- ഭിക്ഷാടന പദ്ധതികൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. മെഡിക്കൽ അടിയന്തരാവസ്ഥകൾ കെട്ടിച്ചമയ്ക്കുന്നതിനും, ഓൺലൈൻ ചാരിറ്റി അപ്പീലുകളിൽ കൃത്രിമം കാണിക്കുന്നതിനും കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ആശുപത്രി കിടക്കകളിലുള്ള ദുർബലരായ വൃദ്ധരുടെ ചിത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന കുട്ടികളുടെ വീഡിയോകൾ എന്നിവയെല്ലാം ഇത്തരത്തിൽ നിർമ്മിക്കാറുണ്ട്. ഇത്തരത്തിലുള് വ്യാജ സഹായ അഭ്യർത്ഥനകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടുകയും, ഇൻസ്റ്റാഗ്രാമിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും, സഹായത്തിനായുള്ള അടിയന്തര ആഹ്വാനങ്ങളുമായി കമ്മ്യൂണിറ്റി പേജുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇവയൊന്നും യഥാർത്ഥമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റമദാൻ മാസത്തിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ യുഎഇ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനം നടത്തുന്നവർക്ക് 6 മാസം വരെ തടവും ഒരു ലക്ഷം ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ. വ്യക്തിഗത ഭിക്ഷാടകർ 3 മാസം തടവിനു പുറമേ 5,000 ദിർഹം പിഴയും അടയ്ക്കേണ്ടിവരും. സഹായം ആവശ്യമുള്ളവരും ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവരും സർക്കാർ അംഗീകൃത ചാരിറ്റി സ്ഥാപനങ്ങളെയാണ് സമീപിക്കേണ്ടത്. ഭിക്ഷാടന മാഫിയകളെ തടയാൻ നിയമപരമായ വഴികളിലൂടെ മാത്രമേ സകാത്തും സംഭാവനയും നൽകാവൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, സകാത്ത് ഫണ്ട്, ദാറുൽ ബിർ സൊസൈറ്റി, ബെയ്ത്ത് അൽ ഖൈർ സൊസൈറ്റി, ദുബായ് ചാരിറ്റി അസോസിയേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷനൽ തുടങ്ങിയവയാണ് അംഗീകൃത ചാരിറ്റി സ്ഥാപനങ്ങൾ.





