ദുബായ്: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ബാധകമായ പുതിയ നിയമലംഘനങ്ങളും പിഴകളും സംബന്ധിച്ച നിയമത്തിന് അംഗീകാരം. ദുബായ് ഭരണാധികാരിയും യുഎഇയുടെയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിയമത്തിന് അംഗീകാരം നൽകിയത്. നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടികളിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനാണ് 2026-ലെ ആറാം നമ്പർ നിയമം പുറത്തിറക്കിയത്.
നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സർക്കാർ തലത്തിലുള്ള നിയമലംഘനങ്ങൾക്കും നടപടികൾക്കും വ്യക്തമായ നിയമ ചട്ടക്കൂട് രൂപീകരിക്കുക, അധികാര ദുർവിനിയോഗം തടയുകയും നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുക, നിയമലംഘനങ്ങളെ അവയുടെ ഗൗരവമനുസരിച്ച് ചെറിയത്, ഇടത്തരമായത്, ഗുരുതരമായത് എന്നിങ്ങനെ തരംതിരിക്കുക, ഓരോ ലംഘനത്തിനും അനുസൃതമായ ശിക്ഷയായിരിക്കും നൽകുക തുടങ്ങിയവയാണ്. അതേസമയം, ഏതൊരു നിയമലംഘനവും കൃത്യമായി നിർവചിക്കപ്പെടണം. പിഴയും ശിക്ഷാ നടപടികളും തീരുമാനിക്കുമ്പോൾ ലംഘനത്തിന്റെ ഗൗരവം, ആവർത്തന സ്വഭാവം, മനഃപൂർവ്വമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ശിക്ഷാ നടപടികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് അതത് സ്ഥാപന തലവന്മാരുടെ അംഗീകാരം നേടുകയും ദുബായ് മീഡിയ ഓഫിസുമായി ഏകോപിപ്പിക്കുകയും വേണം.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ എതിരെ അധികൃതർക്ക് താഴെ പറയുന്ന നടപടികൾ സ്വീകരിക്കാം:
മുന്നറിയിപ്പ്: പിഴ ചുമത്തുന്നതിന് മുൻപോ ശേഷമോ സാഹചര്യങ്ങൾ തിരുത്താൻ മുന്നറിയിപ്പ് നൽകാം.
അടച്ചുപൂട്ടൽ: സ്ഥാപനങ്ങൾ ആറു മാസം വരെ താൽക്കാലികമായോ അല്ലെങ്കിൽ ശാശ്വതമായി അടച്ചുപൂട്ടുകയോ ചെയ്യാം.
ലൈസൻസ് റദ്ദാക്കൽ: വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകിയിട്ടുള്ള പെർമിറ്റുകളോ ലൈസൻസുകളോ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം.
പ്രവർത്തന നിരോധനം: നിയമലംഘനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളോ ഇടപാടുകളോ താൽക്കാലികമായോ സ്ഥിരമായോ തടയാം.
നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇതിന് വിരുദ്ധമായ പഴയ നിയമങ്ങൾ റദ്ദാക്കിയതായും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.






