ദുബായ്: യുഎഇയുടെ മിക്ക പ്രദേശങ്ങളിലും നാളെയും ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. പകൽ ആകാശം മേഘാവൃതം ആയിരിക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ദിശയിൽ നിന്നും വടക്ക് കിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുകയും ചില സമയങ്ങളിൽ ഇത് 60 കിലോമീറ്റർ വരെ ശക്തമാവുകയും ചെയ്യും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിടുക്കിലും കടൽ പ്രക്ഷുബ്ധം ആകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




