അമേരിക്കയുമായി പാകിസ്ഥാനിൽ നടത്താനിരുന്ന രണ്ടാം ഘട്ട ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറി. ഏപ്രിൽ 22-ന് അവസാനിക്കുന്ന വെടിനിർത്തൽ നീട്ടുന്നതിനായി ഇന്ന് തിങ്കളാഴ്ച ഇസ്ലാമാബാദിൽ ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ അപ്രതീക്ഷിത നീക്കം. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളും നിലപാടുകളിലെ വൈരുദ്ധ്യവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിൽ ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് അമേരിക്കയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. ഒരു വശത്ത് ചർച്ചയെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന അമേരിക്കയുടെ സമീപനം ‘ബാലിശമാണെന്ന്’ അദ്ദേഹം പരിഹസിച്ചു.
The reports circulating about a second round of negotiations in Islamabad are false.
— IRNA News Agency ☫ (@IrnaEnglish) April 19, 2026






