ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങിയ നഗരമെന്ന സ്വന്തം പേരിലെ ലോക റെക്കോഡ് തിരുത്തി ദുബായ് . കഴിഞ്ഞ വർഷം ദുബായ് നഗരത്തിലെ ഉപഭോക്താക്കൾക്ക് നഷ്ടമായത് 0.89 മിനിറ്റ് നേരത്തെ വൈദ്യുതി മാത്രമാണെന്നാണ് ദുബായ് വൈദ്യുതി, ജല അതോറിറ്റി (DEWA ) വ്യക്തമാക്കുന്നത്.
അതായത് പ്രതിവർഷം ഏകദേശം 49 സെക്കൻഡ് സമയത്തെ വൈദ്യുതി നഷ്ടം മാത്രമാണ് ഉപഭോക് താവിനുണ്ടായത്. 2024ൽ ഉപഭോക്താക്കളുടെ വൈദ്യുതി നഷ്ടം 0.94 മിനിറ്റായി കുറച്ചുകൊണ്ട് ദുബായ് അതോറിറ്റി ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതിൽ 13 ശതമാനം കൂടി കുറച്ചാണ് പുതിയ റെക്കോഡിട്ടത്.
ദുബായിയെ സംബന്ധിച്ച് ഈ നേട്ടം പുതിയ നാഴികക്കല്ലാണെന്ന് DEWA എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി നൽകുന്ന നഗരങ്ങളിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം നിലനിർത്താൻ ദുബായിക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമിത ബുദ്ധി ഉൾപ്പെടെ നാലാം വ്യവസായ വിപ്ലവത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.





