ദുബായ്: സിബിഎസ്ഇ സ്കൂളുകളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ പരിഷ്കാരത്തിൽ വിദേശ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഇളവ്. യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരു ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. 2026-27 അധ്യയന വർഷം മുതൽ (2026 ജൂലൈ 1 മുതൽ) ഒൻപതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പുതിയ മൂന്ന് ഭാഷാ ഫോർമുല ബാധകമാകുന്നത്.
ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ, സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് എന്നിവയുടെ ഭാഗമായാണ് സിബിഎസ്ഇ ഭാഷാ നയത്തിൽ മാറ്റം വരുത്തിയത്. പുതിയ ഘടന അനുസരിച്ച് വിദ്യാർഥികൾ മൂന്ന് ഭാഷകൾ (R1, R2, R3) പഠിക്കേണ്ടതുണ്ട്. ഇതിൽ രണ്ട് ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം എന്ന നിബന്ധനയാണ് ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളെ ആദ്യം പ്രതിസന്ധിയിലാക്കിയത്. ഇന്ത്യൻ ഇതര പൗരത്വമുള്ള വിദ്യാർഥികൾക്കും ഇത് വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ, വിദേശത്തുള്ള സി.ബി.എസ്.ഇ സ്കൂളുകൾക്ക് ഒരു ഇന്ത്യൻ ഭാഷ മാത്രം നിർബന്ധമാക്കിയാൽ മതിയെന്ന പുതിയ വിശദീകരണം സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമേകിയിരിക്കുകയാണ്.
യുഎഇയിലെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഒന്നാം ഭാഷയായി (R1) ഇംഗ്ലീഷും, രണ്ടാം ഭാഷയായി (R2) മലയാളം, ഹിന്ദി, ഉർദു, തമിഴ് എന്നിവയിലൊന്നും തിരഞ്ഞെടുക്കാം. മൂന്നാം ഭാഷയായി (R3) അറബിക് തന്നെ തുടരാൻ ഇതിലൂടെ കഴിയുന്നതാണ്.






