ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35 വയസ്സുള്ള അമ്മ തന്റെ അഞ്ച് വയസ്സുള്ള കുട്ടിയെയും കൂട്ടി അൽ നഹ്ദ പ്രദേശത്തെ അപ്പാർട്ട്മെന്റിന്റെ 15-ാം നിലയിൽ നിന്ന് എടുത്തു ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളും ഇവർ താമസിച്ചിരുന്ന കെട്ടിട ജീവനക്കാരും പറയുന്നത്.
കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ഭവനത്തിൽ ആർഷ (35)യും ഏകമകൾ റൂഹിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.
സംഭവത്തിൽ ആത്മഹ ത്യയായി ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷാർജ പോലീസ് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പക്കലുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ബുധനാഴ്ച രാവിലെ 7.15 ഓടെ സംഭവം നടന്നതായാണ് വിവരം.
വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയ കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ താഴെ കാണുകയായിരുന്നു. കുട്ടി റോഡിലും അമ്മ 32 നിലകളുള്ള ടവറിന് താഴെയുള്ള നടപ്പാതയിലും ആണ് ഉണ്ടായിരുന്നത്.
കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസിനെയും ആംബുലൻസ് വകുപ്പിനെയും അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി, രാവിലെ 10.30 വരെ പോലീസ് പ്രദേശം വളയുകയും ചെയ്തു.
കുടുംബ തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് ഈ കെട്ടിടം സന്ദർശിച്ചിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി സുരക്ഷാ ജീവനക്കാരനും പറയുന്നു.
ദുബായിൽ എയർക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവിനെ അധികൃതർ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






