തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ വി ഡി സതീശൻ നടത്തിയിരിക്കുന്നത്. തൊഴിൽ അവസരങ്ങൾക്കായി ഗ്ലോബൽ ജോബ് വാച്ച് ടവർ, മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കൊണ്ടുവരുന്ന പദ്ധതിയാണ് കേരള നോളജ് വാലി, കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്ര, തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ തെക്കൻ കേരള എക്കണോമി കോറിഡോർ പദ്ധതി തുടങ്ങിയവയെല്ലാം ബജറ്റിൽ പ്രഖ്യാപിച്ചു.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ട്.. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയെന്നും വിഡി സതീശൻ അറിയിച്ചു.
വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും. റബറിന്റെ താങ്ങുവില കൂട്ടി. താങ്ങുവില 250 ആക്കി. മനുഷ്യ മൃഗ സംഘർഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.





