യു.എ.ഇയുടെ ആദ്യ ദേശീയ യാത്രാ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിലിന്റെ പാസ്സഞ്ചർ സർവീസ് നാളെ ജൂൺ 30 ന് രാവിലെ ആരംഭിക്കാനിരിക്കെ, യാത്രക്കാർ ട്രെയിനിലും സ്റ്റേഷനുകളിലും പാലിക്കേണ്ട പ്രധാന പെരുമാറ്റച്ചട്ടങ്ങൾ (Train Etiquette) അധികൃതർ പുറത്തുവിട്ടു.
1. ബോർഡിംഗിന് മുൻപ്: ട്രെയിൻ എത്തുന്നതിന് മുൻപ് തന്നെ ടിക്കറ്റ് കയ്യിൽ കരുതുക. നിങ്ങളുടെ കാരിയേജും സീറ്റ് നമ്പറും കൃത്യമായി മനസ്സിലാക്കുക. പ്ലാറ്റ്ഫോം വാതിലുകൾക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ച് നിൽക്കരുത്.
2. ട്രെയിനിൽ കയറുമ്പോൾ: വാതിലിൽ തങ്ങിനിൽക്കാതെ വേഗത്തിൽ ഉള്ളിലേക്ക് പ്രവേശിക്കുക. വലിയ ലഗേജുകൾ അതിനായി നിശ്ചയിച്ചിട്ടുള്ള റാക്കുകളിലും ചെറിയ ബാഗുകൾ സീറ്റിനടിയിലോ ഓവർഹെഡ് സ്റ്റോറേജിലോ വെയ്ക്കുക. അടിയന്തര വാതിലുകൾക്ക് മുന്നിൽ തടസ്സങ്ങൾ ഉണ്ടാക്കരുത്.
3. ഫോൺ ഉപയോഗവും ബഹളവും: മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ മാത്രം സംസാരിക്കുക. പാട്ടുകൾ കേൾക്കാനും വീഡിയോ കാണാനും നിർബന്ധമായും ഹെഡ്ഫോണുകൾ ഉപയോഗിക്കുക. സ്പീക്കർഫോൺ പൂർണ്ണമായും ഒഴിവാക്കണം. കുട്ടികൾ കാരിയറിലൂടെ ഓടിനടക്കുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണം. ശല്യമുണ്ടാക്കുന്ന യാത്രക്കാരെ അടുത്ത സ്റ്റേഷനിൽ ഇറക്കിവിടാൻ റെയിൽവേ ജീവനക്കാർക്ക് അധികാരമുണ്ട്.
4. ഫോട്ടോയും വീഡിയോയും: സഹയാത്രക്കാരുടെ സ്വകാര്യതയെ മാനിക്കുക. മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തരുത്. ഇത് നിയമനടപടികൾക്ക് കാരണമായേക്കാം.
5. ഭക്ഷണവും വൃത്തിയും: കൃത്യമായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരുന്ന് മാത്രമേ ഭക്ഷണം കഴിക്കാവൂ. കഠിനമായ ഗന്ധമുള്ളതോ, മറിഞ്ഞുവീണ് കറയാകാൻ സാധ്യതയുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. മാലിന്യങ്ങൾ ട്രെയിനിലോ സ്റ്റേഷനിലോ ഇടാതെ ഡസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
6. വ്യക്തിഗത സ്ഥലവും മുൻഗണനാ സീറ്റുകളും: സീറ്റുകളിൽ കാലുകൾ കയറ്റി വെയ്ക്കരുത്. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കായി നീക്കിവെച്ചിട്ടുള്ള മുൻഗണനാ സീറ്റുകൾ (Priority seating) അവർക്കായി വിട്ടുനൽകുക. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഇവർക്ക് മുൻഗണന നൽകണം.
7. ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ: സ്റ്റേഷൻ എത്തുന്നതിന് മുൻപ് തന്നെ സാധനങ്ങൾ എടുത്തു വെയ്ക്കുക. ട്രെയിൻ പൂർണ്ണമായി നിന്ന ശേഷം മാത്രം വാതിലിനടുത്തേക്ക് നീങ്ങുക. പ്ലാറ്റ്ഫോമിൽ ഇറങ്ങിയാൽ വാതിലിന് മുന്നിൽ നിൽക്കാതെ വേഗത്തിൽ എക്സിറ്റിലേക്ക് പോകുക. ട്രെയിൻ എത്തി 15 മിനിറ്റിനുള്ളിൽ യാത്രക്കാർ പ്ലാറ്റ്ഫോം വിടണമെന്ന് എത്തിഹാദ് റെയിൽ നിർദ്ദേശിക്കുന്നു.
യാത്രയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. യാത്രാ രേഖകളും ടിക്കറ്റും
- ആവശ്യമായ രേഖകൾ: യാത്രയ്ക്ക് സാധുതയുള്ള ടിക്കറ്റും, ബുക്കിംഗ് പേരുമായി പൊരുത്തപ്പെടുന്ന ഒറിജിനൽ പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡിയോ കയ്യിൽ കരുതണം. ഇത് യാത്രയ്ക്കിടയിൽ എപ്പോൾ വേണമെങ്കിലും പരിശോധിക്കപ്പെടാം.
- ഡിജിറ്റൽ ടിക്കറ്റ്: ടിക്കറ്റ് പ്രിന്റ് ചെയ്യണമെന്നില്ല, മൊബൈലിലെ ഡിജിറ്റൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും.
- സമയവിവരങ്ങൾ: ട്രെയിൻ സമയവിവരങ്ങൾ എത്തിഹാദ് റെയിൽ ആപ്പിലും വെബ്സൈറ്റിലും സ്റ്റേഷനിലെ ഡിസ്പ്ലേ സ്ക്രീനുകളിലും ലഭ്യമാണ്.
2. ബുക്കിംഗും സീറ്റുകളും
- മുൻകൂട്ടി ബുക്ക് ചെയ്യണോ?: അതെ, മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. എന്നാൽ സീറ്റുകൾ ലഭ്യമാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 5 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ലഭിക്കും. സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീൻ വഴിയും ടിക്കറ്റ് എടുക്കാം.
- സീറ്റ് തിരഞ്ഞെടുക്കൽ: ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുമ്പോൾ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം (ടിക്കറ്റ് നിരക്ക് അനുസരിച്ച് ഇത് സൗജന്യമോ പെയ്ഡോ ആയിരിക്കും).
- മാറ്റങ്ങളും റദ്ദാക്കലും: നിങ്ങളുടെ ടിക്കറ്റ് തരം അനുസരിച്ച് ബുക്കിംഗിൽ മാറ്റങ്ങൾ വരുത്താനോ ക്യാൻസൽ ചെയ്ത് റീഫണ്ട് നേടാനോ സാധിക്കും.
3. സമയക്രമവും യാത്രാ നിയമങ്ങളും
- എപ്പോൾ സ്റ്റേഷനിലെത്തണം?: ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 10 മിനിറ്റ് മുൻപെങ്കിലും സ്റ്റേഷനിൽ എത്തണം. ട്രെയിൻ പുറപ്പെടുന്നതിന് 2 മിനിറ്റ് മുൻപ് ഗേറ്റുകൾ അടയ്ക്കും.
- കണക്റ്റിംഗ് ട്രെയിൻ വൈകിയാൽ: എത്തിഹാദ് റെയിലിന്റെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾ കാരണം കണക്റ്റിംഗ് ട്രെയിൻ നഷ്ടമായാൽ അടുത്ത ട്രെയിനിൽ അധികച്ചെലവില്ലാതെ യാത്ര ചെയ്യാം (തേർഡ് പാർട്ടി ഗതാഗതങ്ങൾക്ക് ഇത് ബാധകമല്ല).
4. കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, വളർത്തുമൃഗങ്ങൾ
- ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യാമോ?: അതെ, വിനോദസഞ്ചാരികൾക്കും കൃത്യമായ ടിക്കറ്റും ഐഡിയും ഉണ്ടെങ്കിൽ യാത്ര ചെയ്യാം.
- കുട്ടികളുടെ യാത്ര: 14 വയസ്സും അതിനുമുകളിലുമുള്ള കുട്ടികൾക്ക് തനിയെ യാത്ര ചെയ്യാം. അതിൽ താഴെയുള്ളവർക്കൊപ്പം മുതിർന്നവർ ഉണ്ടായിരിക്കണം.
- വളർത്തുമൃഗങ്ങൾ (Pets): വലുപ്പ നിയന്ത്രണങ്ങൾക്ക് വിധേയമായി, അനുയോജ്യമായ കാരിയറുകളിൽ വളർത്തുമൃഗങ്ങളെ ട്രെയിനിൽ കയറ്റാം. ഇത് നിങ്ങളുടെ ക്യാരി-ഓൺ ലഗേജ് പരിധിയിൽ പെടും.
- സ്കൂട്ടറുകൾക്ക് നിരോധനം: ഇ-സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ സ്കൂട്ടറുകളും എത്തിഹാദ് റെയിൽ സർവീസുകളിൽ അനുവദിക്കില്ല. കുട്ടികളുടെ സ്ട്രോളറുകൾ മടക്കി സൂക്ഷിക്കണം.
5. ട്രെയിനിലെ സൗകര്യങ്ങൾ
- സൗജന്യ വൈഫൈ: യാത്രയിലുടനീളം യാത്രക്കാർക്ക് സൗജന്യ വൈഫൈ (Free Wi-Fi) ലഭ്യമായിരിക്കും.
- ഭക്ഷണവും പാനീയങ്ങളും: ട്രെയിനിൽ നിന്ന് സ്നാക്സുകളും മദ്യേതര പാനീയങ്ങളും വാങ്ങാൻ കിട്ടും. സ്വന്തം ഭക്ഷണവും കൊണ്ടുവരാം (തീവ്രമായ ഗന്ധമുള്ളവ ഒഴിവാക്കണം).
- പുകവലി നിരോധനം: ട്രെയിനുകളുടെ ഉള്ളിലോ സ്റ്റേഷനുകളിലോ പുകവലിക്കാനോ വേപ്പിംഗ് (Vaping) നടത്താനോ പാടില്ല. ഇതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ അനുവാദമുള്ളൂ.






