യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വേനൽക്കാല അവധി ആരംഭിക്കുന്നതോടെ അടുത്ത രണ്ടു മാസത്തേക്ക് യാത്ര പ്ലാൻ ചെയ്യുന്ന കുടുംബങ്ങൾക്കായി ‘സേഫ് സമ്മർ’ (Safe Summer) ക്യാമ്പയിന്റെ ഭാഗമായി അബുദാബി പോലീസ് വിപുലമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
സോഷ്യൽ മീഡിയയിലെ വില്ലൻ: യാത്ര പോകുന്ന വിവരങ്ങളോ, എത്ര ദിവസം നാട്ടിൽ ഉണ്ടാകും എന്ന കാര്യങ്ങളോ യാതൊരു കാരണവശാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യമായി പങ്കുവെക്കരുത്. സാമൂഹിക വിരുദ്ധർക്കും മോഷ്ടാക്കൾക്കും ഇത് വീടുകൾ ലക്ഷ്യമിടാൻ എളുപ്പവഴിയൊരുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
വീട് പൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടവ:
വീടിന്റെ എല്ലാ ജനലുകളും വാതിലുകളും കൃത്യമായി പൂട്ടി സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
സിസിടിവി (CCTV) ക്യാമറകളും മറ്റ് സെക്യൂരിറ്റി സിസ്റ്റങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
അനാവശ്യമായ ഇലക്ട്രിക്കൽ പ്ലഗ്ഗുകൾ ഊരിയിടുക. ഷോർട്ട് സർക്യൂട്ട് വഴിയുള്ള തീപിടുത്തങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
യാത്ര തിരിക്കും മുൻപ് ഗ്യാസ്, വാട്ടർ കണക്ഷനുകൾ പൂർണ്ണമായും വിച്ഛേദിക്കുക.
വിലപിടിപ്പുള്ളവ സുരക്ഷിതമാക്കുക: സ്വർണ്ണാഭരണങ്ങൾ, പണം, മറ്റ് പ്രധാന രേഖകൾ എന്നിവ വീട്ടിൽ അലക്ഷ്യമായി വെക്കാതെ സുരക്ഷിതമായ ലോക്കറുകളിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ സൂക്ഷിക്കുക.
വിശ്വസ്തരെ ഏൽപ്പിക്കുക: യാത്രയിലായിരിക്കുന്ന സമയങ്ങളിൽ വീടും പരിസരവും ഇടയ്ക്കൊന്ന് നിരീക്ഷിക്കാൻ വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ചുമതലപ്പെടുത്തുന്നത് സുരക്ഷ വർദ്ധിപ്പിക്കും.
സംശയകരമായ സാഹചര്യങ്ങളോ അസ്വാഭാവികമായ നീക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ വിവരമറിയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.






