കഴിഞ്ഞ ആഴ്ചയുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് തടസ്സപ്പെട്ട എല്ലാ ബാങ്കിങ് സേവനങ്ങളും പൂർണ്ണമായി പുനഃസ്ഥാപിച്ചു. കഴിഞ്ഞ നാല് ദിവസമായി എഡിസിബിയുടെ കോർ ബാങ്കിങ് സിസ്റ്റം, ബ്രാഞ്ചുകൾ, എടിഎം (ATM), കാഷ് ഡിപ്പോസിറ്റ് മെഷീനുകൾ (CDM), ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയെല്ലാം തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
മൊബൈൽ ആപ്പ് അപ്ഡേറ്റ്: സാങ്കേതിക തടസ്സം പ്രധാനമായും ബാധിച്ചത് മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനിലൂടെയുള്ള പേയ്മെന്റുകളെയും ഫണ്ട് ട്രാൻസ്ഫറുകളെയുമായിരുന്നു. ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഇപ്പോൾ ആപ്പ് ലഭ്യമാണ്. എന്നാൽ ‘ആസ്പയർ’ (Aspire retail) വിഭാഗത്തിൽപ്പെട്ട ചെറിയൊരു ശതമാനം ഉപഭോക്താക്കൾക്ക് കൂടി മൊബൈൽ ആപ്പ് സേവനം പൂർണ്ണമായി ലഭ്യമാകാനുണ്ട്.
സുരക്ഷ ഉറപ്പ് നൽകി: ഈ സാങ്കേതിക തകരാർ ഉണ്ടായ സമയത്തൊന്നും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ അക്കൗണ്ടിലെ പണമോ (Account balance) യാതൊരുവിധ അപകടത്തിലുമായിട്ടില്ലെന്നും ഡാറ്റാ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
ബദൽ സംവിധാനങ്ങൾ: മൊബൈൽ ആപ്പ് ലഭ്യമല്ലാത്ത ഉപഭോക്താക്കൾക്കായി ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ലഭ്യമാണ്. ഇതിനായി മൊബൈലിൽ എളുപ്പം ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് ബാങ്കിങ് പതിപ്പും ബാങ്ക് അവതരിപ്പിച്ചു. കൂടാതെ കഴിഞ്ഞ വാരാന്ത്യത്തിൽ (Weekend) ഉൾപ്പെടെ ബാങ്ക് ശാഖകളുടെ പ്രവർത്തന സമയം നീട്ടിനൽകിയിരുന്നു.
ആഗോള സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് തകരാറുകൾ പരിഹരിച്ചതെന്നും ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ബാങ്ക് അറിയിച്ചു. അവശേഷിക്കുന്ന ചെറിയ പ്രശ്നങ്ങൾ കൂടി എത്രയും വേഗം പരിഹരിക്കുമെന്നും എഡിസിബി വ്യക്തമാക്കി.






