ദുബായ് മാളിലെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ബുർജ് ഖലീഫയിലെ അതിശയകരമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്ക് പിന്നിൽ ഇനി നിങ്ങൾക്കുമാകാം. ബുർജ് ഖലീഫയുടെ നിർമ്മാതാക്കളായ ഇമാർ (Emaar) യു.എ.ഇയിലെയും ലോകമെമ്പാടുമുള്ളതുമായ കലാകാരന്മാർക്കായി പുതിയ ‘പ്രൊജക്ഷൻ ഡിസൈൻ’ മത്സരം പ്രഖ്യാപിച്ചു.
മത്സരത്തിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള ലിങ്ക് ജൂലൈ 8-ന് തുറന്നു. താല്പര്യമുള്ളവർക്ക് 2026 ഓഗസ്റ്റ് 18 രാത്രി 11.59 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
നിബന്ധനകൾ: ദുബായുടെ നവീകരണവും കലാപരവുമായ സംസ്കാരവും വൈബ്രന്റ് ശൈലിയും പ്രതിഫലിപ്പിക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള ഒറിജിനൽ ഓഡിയോ-വിഷ്വൽ പ്രൊജക്ഷനാണ് (Audio-visual projection) സമർപ്പിക്കേണ്ടത്. ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും പൂർണ്ണമായും പകർപ്പവകാശ പ്രശ്നങ്ങൾ ഇല്ലാത്തതായിരിക്കണം (100% original and copyright-free).
പൂർണ്ണമായും കലാകാരന്മാരുടെ സ്വന്തം സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) ടൂളുകളുടെ സഹായത്തോടെ തയാറാക്കിയ ഡിസൈനുകൾ ഈ മത്സരത്തിൽ പരിഗണിക്കുകയില്ല. ഇത്തരം എൻട്രികൾ കണ്ടെത്തിയാൽ ഉടനടി അയോഗ്യമാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ഡിസൈനുകൾ ഒരു പ്രിവ്യൂ വീഡിയോ ആയി MP4 ഫോർമാറ്റിലും, പ്രധാന ഫയൽ ഉയർന്ന റെസല്യൂഷനിലുള്ള MOV ഫോർമാറ്റിലും തയ്യാറാക്കണം. ഡിസൈനിന് പിന്നിലെ ആശയത്തെക്കുറിച്ചുള്ള 300 വാക്കുകളിൽ കവിയാത്ത വിവരണവും (Concept note) ചേർത്ത് opencall@emaar.ae എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ ബുർജ് ഖലീഫയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ പണക്കിഴിയായിട്ടുള്ള സമ്മാനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നില്ലെങ്കിലും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ സ്വന്തം കലാസൃഷ്ടി ആഗോള ജനതയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിക്കുക എന്ന വലിയ നയതന്ത്ര/കലാപരമായ അംഗീകാരമാണ് വിജയിയെ കാത്തിരിക്കുന്നത്.





