അബുദാബി: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാവിലെ വരെ രാത്രിയിൽ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. ഇടയ്ക്കിടെ പൊടിപടലങ്ങൾ ഉയരുകയും ചെയ്തു. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെയാകും. ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.





