കഴിഞ്ഞ ജൂലൈ 16-ന് ദുബായ് ഡൗൺടൗണിൽ സ് ഫോ ടന ശബ്ദം കേട്ടതായി നൽകിയ റിപ്പോർട്ട് തങ്ങളുടെ വാർത്താ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി റോയിട്ടേഴ്സ് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു (Regrets). ഈ വാർത്ത അന്നേ ദിവസം വൈകുന്നേരം തന്നെ റോയിട്ടേഴ്സ് പിൻവലിച്ചിരുന്നു.
പ്രസ്തുത ശബ്ദം എവിടെ നിന്നാണ് ഉണ്ടായതെന്നോ അതിന്റെ പ്രാധാന്യമെന്തെന്നോ കൃത്യമായി കണ്ടെത്താൻ തങ്ങൾക്ക് സാധിച്ചിരുന്നില്ലെന്നും, ആവശ്യമായ പശ്ചാത്തല വിവരങ്ങൾ നൽകാതെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്നും റോയിട്ടേഴ്സ് വിശദീകരിച്ചു. തുടർന്ന് ദുബായ് മീഡിയ ഓഫീസ് വാർത്ത നിഷേധിച്ച കാര്യത്തിനും റോയിട്ടേഴ്സ് തുല്യ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തിരുന്നു.
യു.എ.ഇ മീഡിയ റഗുലേറ്ററി അതോറിറ്റി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ രാജ്യത്തെ നിയമപ്രകാരം കർശനമായ നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
മിഡിൽ ഈസ്റ്റിൽ നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ 67 ദിവസമായി യു.എ.ഇ അതിർത്തിക്കുള്ളിൽ യാതൊരുവിധ വ്യോമഭീഷണികളും ഉണ്ടായിട്ടില്ല. മേയ് 10-നാണ് ഇറാന്റെ രണ്ട് ഡ്രോണുകൾ യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം അവസാനമായി രാജ്യത്തിനുള്ളിൽ വെച്ച് തകർത്തത്.
അതിനുശേഷം, ജൂലൈ 12-ന് മാത്രമാണ് ആകാശത്തുനിന്നുള്ള മിസൈൽ ഭീഷണികളെ പ്രതിരോധിക്കേണ്ടി വന്നത്. എന്നാൽ അത് യു.എ.ഇ അതിർത്തിക്ക് പുറത്തുവെച്ചായിരുന്നുവെന്നും രാജ്യത്തെ സുരക്ഷാ സാഹചര്യം പൂർണ്ണമായും സുസ്ഥിരമാണെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) വ്യക്തമാക്കിയിരുന്നു.





