തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി ഇൻഷുറൻസ് പോളിസി എടുക്കൽ നിർബന്ധമാണെന്ന് യുഎഇ മന്ത്രാലയം

UAE mandates worker insurance for all new hires

യുഎഇയിൽ തൊഴിലുടമകൾക്ക് പുതിയ ബാധ്യതകളൊന്നും ഏർപ്പെടുത്താതെ തന്നെ, ചില തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നതും പുതുക്കുന്നതും സാധുവായ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിക്കുന്ന നിലവിലെ നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് മാനവ വിഭവശേഷി-എമിറാറ്റൈസേഷൻ മന്ത്രാലയം (MoHRE) ഇപ്പോൾ പുതിയതായി ഒരു മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

തൊഴിൽ പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിന് മുൻപ് തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകളോട് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും തൊഴിൽ പെർമിറ്റ് (Work Permit) ലഭിക്കുന്നതിന് മുൻപായി വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് പോളിസി എടുക്കൽ നിർബന്ധമാണ്.

തൊഴിലുടമ ഈ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, 30 മാസത്തെ കാലയളവിലേക്ക് ലഭിക്കേണ്ട കുടിശ്ശിക ശമ്പളം ഉൾപ്പെടെ 20,000 ദിർഹം വരെ ഈ ഇൻഷുറൻസ് വഴി തൊഴിലാളിക്ക് ലഭ്യമാക്കും.

ജീവനക്കാരുടെയും കമ്പനികളുടെയും തരം തിരിവനുസരിച്ച് പ്രതിവർഷം 40 ദിർഹം മുതൽ 100 ദിർഹം വരെയാണ് ഇൻഷുറൻസ് പ്രീമിയം തുക. ജീവനക്കാർ മരണപ്പെട്ടാൽ മൃതദേഹം സ്വന്തം രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവുകളും ഈ ഇൻഷുറൻസ് പോളിസി വഹിക്കും.

റിക്രൂട്ട്‌മെന്റ് ചെലവുകൾ, ഗവൺമെന്റ് ഫീസുകൾ, ഗ്യാരണ്ടി, ഇൻഷുറൻസ് തുകകൾ എന്നിവ പൂർണ്ണമായും തൊഴിലുടമ തന്നെ വഹിക്കണം. തൊഴിലാളികളിൽ നിന്ന് ഇത് ഈടാക്കാൻ പാടില്ല. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പുവരുത്തണം.

ഒരു വർഷത്തെ സേവനത്തിന് ശേഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധി, 60 ദിവസത്തെ പ്രസവാവധി, 90 ദിവസം വരെ നീളുന്ന അസുഖ അവധി, രക്ഷാകർതൃ-അനുശോചന-പഠന അവധികൾ എന്നിവയും, ഒരു വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം പ്രവാസി ജീവനക്കാർക്ക് ലഭിക്കുന്ന സേവന-അവസാന ആനുകൂല്യമായ ഗ്രാറ്റുവിറ്റിയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമപരമായ അവകാശങ്ങളും ഈ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.

പാസ്‌പോർട്ട് പിടിച്ചുവെക്കാൻ പാടില്ല: ജീവനക്കാരുടെ പാസ്‌പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ തൊഴിലുടമകൾ തടഞ്ഞുവെക്കാൻ പാടില്ല. ആവശ്യപ്പെട്ടാൽ അവസാന ശമ്പളവും മറ്റ് വിവരങ്ങളും അടങ്ങിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം.

സ്വദേശിവൽക്കരണ ബോണസ്: സ്വദേശിവൽക്കരണ (Emiratisation) ലക്ഷ്യങ്ങൾ മറികടക്കുകയും നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് മന്ത്രാലയത്തിന്റെ സേവനങ്ങളിൽ 80% വരെ ഇളവ് ലഭിക്കും.

ശമ്പളം വൈകിക്കൽ, വ്യാജ സ്വദേശിവൽക്കരണം, വ്യാജ കമ്പനികൾ നടത്തൽ, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന കമ്പനികൾക്കെതിരെ കടുത്ത ഭരണപരമായ നടപടികളും പിഴയും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!