ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അബുദാബിയിലെ ‘സോ ഗ്രേറ്റ്’ റെസ്റ്റോറന്റ് അതോറിറ്റി അടപ്പിച്ചു.
മുൻപ് നടത്തിയ പരിശോധനകളിൽ മുന്നറിയിപ്പ് നൽകിയിട്ടും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുകയും അത് തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. 2008-ലെ അബുദാബി ഫുഡ് ലോ നമ്പർ (2) പ്രകാരമാണ് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ ADAFSA ഉത്തരവിട്ടത്.
റെസ്റ്റോറന്റിലെ എല്ലാ പോരായ്മകളും പൂർണ്ണമായും പരിഹരിക്കുകയും അതോറിറ്റിയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷമേ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കൂ.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ലംഘനങ്ങളോ സംശയങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






